
നോക്കൂ. 44 നദികളാല്‍ സമൃദ്ധമായ കേരളം. ദൈവത്തിന്റെ സ്വന്തം നാട്. (ഇത് ഇപ്പോള്‍ സത്യമോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു.) ഓരോ നദികളും ഒഴുകുകയാണ്. തീരങ്ങളെ പുഷ്ടമാക്കി, ജീവജലം നല്കി... കടലിലേക്കലിഞ്ഞു ചേരാനാണ് ഓരോ ഒഴുക്കും. സ്വച്ഛമായങ്ങനെ പോകുന്ന വഴിയില്‍ എത്ര ചെറുതോടുകളും അരുവികളുമാണ് കൂടെ കൂടുന്നത്. അവയെ കൈ നീട്ടി സ്വീകരിച്ച് അവയുടെ താളങ്ങളും സ്വരവിന്യാസങ്ങളും ഏറ്റിവാങ്ങി പുഴ പിന്നെയും ഒഴുകുന്നു, കടലെന്ന ലക്ഷ്യത്തിലേക്ക്. കടലിലലിഞ്ഞു ചേര്‍ന്നു കഴിഞ്ഞാല്‍ `ഞാന്‍ പെരിയാറാണ് എന്നു പെരിയാറിനോ, ഞാന്‍ മീനച്ചിലാറാണ് എന്ന് മീനച്ചിലാറിനോ, ഞാന്‍ ഭവാനിയാണെന്ന് ഭവാനിപ്പുഴയ്ക്കോ പറയാനാവുമോ? ഇല്ല. അവയെല്ലാം കൂടിച്ചേര്‍ന്നാണ് കടലലയടിക്കുന്നത്. ഒന്നാലോചിക്കൂ, നമ്മളും ഈ നദികള്‍ പോലെയല്ലേ? മരണമെന്ന കടലിലേക്കല്ലേ നമ്മളും ഒഴുകുന്നത്. അതില്‍ അലിഞ്ഞു ചേര്‍ന്നു കഴിയുമ്പോള്‍ പണ്ഡതിനും പാമരനും തുല്യനാകുന്നു. ഹിന്ദുവും ക്രിസ്ത്യാനിയും മുസല്‍മാനും എല്ലാം ഒന്നാകുന്നു. വേര്‍തിരിവുകളില്ലാതെയാകുന്നു. എങ്കില്പിന്നെ ജീവിതകാലത്തില്‍ എന്തിനാണ് മതത്തിന്റെയും സമ്പത്തിന്റെയും പേരില്‍ എന്തിനാണ് വേര്‍തിരിവുകള്‍? എന്നാല്‍ ഒന്നുകൂടി ആലോചിക്കേണ്ടതുണ്ട്. ഒഴുകുന്ന വഴിയില്‍ എത്ര തീരങ്ങളെ പുഷ്ടമാക്കാന്‍ നമുക്കു കഴിയുന്നുണ്ട്? എത്ര ജീവനുകള്‍ക്ക് ആശ്വാസം നല്കാന് നമുക്കാവുന്നുണ്ട്? കൊച്ചുതോടുകളും അരുവികളും പോലെ നമ്മുടെ ചുറ്റുമുള്ളവരുടെ, സുഹൃത്തുക്കളുടെ സഹകരണമില്ലാതെ സാമൂഹ്യജീവിയായ മനുഷ്യന് ജീവിക്കാനാവില്ല തന്നെ! എത്രയോ നദികളും തോടുകളും അരുവികളും ചേര്‍ന്നാണ് പുഴയുണ്ടായത്, നിരവധി പുഴകള്‍ ചേര്‍ന്നല്ലേ കടലുണ്ടായത്? എല്ലാ മതങ്ങളും പഠിപ്പിക്കുന്നത് സ്നേഹിക്കാനും ധര്‍മ്മം അനുഷ്ഠിക്കാനുമാണ്. അഹമെന്ന ഭാവത്തെ വെടിഞ്ഞു ജീവിക്കാനാണ്. കടലിലേക്കാണ് ഒഴുകുന്നതെന്നറിഞ്ഞിട്ടും നാമെന്തിനെയോര്‍ത്താണ് അഹങ്കരിക്കുന്നത്? ഒഴുകിച്ചേരുംവരെ നമ്മെയറിയാന്‍ നമ്മുടെ വ്യക്തിത്വമാണ് മഹത്തരമാകേണ്ടത്. നമ്മിലെ നന്മയിലൂടെ സമൂഹത്തിനു വേണ്ടി ജാതി-മത-വര്‍ഗ്ഗ-രാഷ്ട്രീയചിന്തകള്‍ക്കതീതമായി നന്മ ചെയ്യുന്നതിലൂടെയാണ് നാം അറിയപ്പെടേണ്ടത്. നമ്മുടെ തീരങ്ങളെ പുഷ്ടമാക്കുന്നതിലൂടെ. നമ്മളെ പോഷിപ്പിക്കുന്ന നമ്മുടെ നാട്ടുകാരെ, അയല്‍ക്കാരെ, നിറഞ്ഞ ചിരിയോടെ, തുറന്ന മനസോടെ സ്നേഹിക്കാന്‍ പഠിക്കുക. ആവുന്ന സഹായം ആവശ്യമുള്ളവന് അറിഞ്ഞു ചെയ്യുക. നമ്മുടെ തീരങ്ങള്‍ പുഷ്ടമാകട്ടെ! അങ്ങനെ നമ്മുടെ ജീവിതവും സ്വച്ഛമായി ഒഴുകട്ടെ.!കളകളം പാടിയും ചിലപ്പോഴൊക്കെ കൊച്ചുപാറക്കെട്ടുകളില്‍ തട്ടിത്തെറിച്ചും വീണും കൃതാര്‍ത്ഥതയോടെ ഒഴുകാം, ഒടുവില്‍ കടലിലെത്തും വരെ..!