Saturday, May 21, 2011

കാരിക്കോടമ്മ സ്‌പീക്കിംഗ്‌

അവധിക്കാലം ചെലവഴിക്കാനാണ്‌ അമ്മയുടെ നാട്ടിലെത്തിയത്‌. അല്ലെങ്കിലും എല്ലാ അവധിക്കാലവും അമ്മമ്മയ്‌ക്കൊപ്പം തന്നെ.
അമ്മമ്മയുടെ മടിയില്‍ തല വച്ച്‌ ഗ്രാനൈറ്റിട്ട തറയില്‍ വെറുതേ കിടക്കുമ്പോഴാണ്‌ ലാന്‍ഡ്‌ ഫോണ്‍ ബെല്ലടിച്ചത്‌. എഴുന്നേല്‍ക്കാന്‍ മടിച്ചു
`ചെന്നു നോക്കൂ കൂഞ്ഞു'
`ഹലോ'
അങ്ങേത്തലയ്‌ക്കല്‍ ഒരു സ്‌ത്രീശബ്‌ദമാണ്‌.
'ഹലോ ആരാ?'
`ഞാന്‍ കാരിക്കോടമ്മയാണ്‌. നെടിയേറ്റയ്യപ്പന്റെ ഫോണ്‍ നമ്പര്‍ ഒന്നു തരാവോ?'
ഒന്നു ഞെട്ടി. വൈകിട്ട്‌ അമ്മമ്മയുടെ കൂടെ നെടിയേറ്റയ്യപ്പന്റെ അമ്പലത്തില്‍ പോകാമെന്നു പറഞ്ഞിരുന്നതാണ്‌. അതിനിടയിലാണ്‌ നെടിയേറ്റയ്യപ്പന്റെ ഫോണ്‍ നമ്പര്‍ ചോദിച്ച്‌ കാരിക്കോടമ്മയുടെ വിളി.
ആഗോളവത്‌കരണം ദേവലോകത്തുമായോ....
ഒന്നും മിണ്ടാതെ റിസീവര്‍ വച്ചു.
അമ്മമ്മ ഊന്നുവടിയുടെ സഹായത്തോടെ അകത്തേക്കു വന്നു
`ആരാ കുഞ്ഞൂ വിളിച്ചേ?'
`അത്‌ പിന്നെ അമ്മമ്മേ...'
ഫോണ്‍ വീണ്ടും അടിച്ചു. ഞാന്‍ സെറ്റിയിലേക്കു ചാടിക്കയറി.
അമ്മമ്മ ഫോണ്‍ എടുത്തു.
`ഹലോ
`ആ.. ഷീബയാണോ? എന്നാ ഷീബേ വിശേഷം? ആ.. നീയാണോ ആദ്യം വിളിച്ചതും.? ഒന്നു നോക്കട്ടെ.'
രണ്ടു മിനിട്ടിനുള്ളില്‍ അമ്മമ്മ ഫോണ്‍ നമ്പര്‍ പറഞ്ഞു കൊടുത്തു.
ഫോണ്‍ താഴെവച്ച്‌ അമ്മമ്മ തിരിയുമ്പോള്‍ ഞാന്‍ കസേരയിലിരുന്ന്‌ നഖം കടിക്കുകയായിരുന്നു, എന്റെ ആലോചനകള്‍ കാടുകയറുകയും.
എന്റെ ഭാവം കണ്ടിട്ടാവണം ഒന്നും ചോദിക്കുംമുന്‍പേ അമ്മമ്മ പറഞ്ഞു.
`എടി മണ്ടീ, കാരിക്കോടമ്മയും നെടിയേറ്റയ്യപ്പനുമൊക്കെ ഈ പൂമാലയില്‍ കിടന്നോടുന്ന ഓട്ടോറിക്ഷയുടെ പേരാ. അത്‌ ഓടിക്കുന്നവരും ഇപ്പോ ആ പേരിലാ അറിയുന്നേ...'
ഞാന്‍ അന്തം വിട്ടു. കണ്ണുകള്‍ അത്ഭുതം കൊണ്ടു വിടര്‍ന്നു.
ഒന്നും മിണ്ടാതെ മുറ്റത്തേക്കിറങ്ങിയപ്പോള്‍ വീണ്ടും ഫോണ്‍ ശബ്‌ദിച്ചു. ഇനി ആരായിരിക്കും വിളിക്കുന്നതെന്നോര്‍ത്ത്‌ ഞാനൊന്നു ഞെട്ടി. പിന്നെ പൊട്ടിച്ചിരിച്ചു.