
കഴിഞ്ഞ കാല്‍നൂറ്റാണ്ടിനിടയ്ക്ക് ഇന്ത്യയിലുണ്ടായ ഏറ്റവും ശ്രദ്ധേയമായ വിപ്ലവം വിവരസാങ്കേതികവിദ്യയുടെയും ദൃശ്യമാധ്യമരംഗങ്ങളുടെയും രംഗത്തുണ്ടായതാണ്. നൂറ്റാണ്ടുകള്‍ക്കു മുന്‍പ് സ്വപ്നം കാണാന്‍ പോലും സാധിക്കാത്ത കാര്യങ്ങളാണ് നാമിന്നനുഭവിക്കുന്നത്. മനുഷ്യന് ജന്മസിദ്ധമായി കിട്ടിയ അറിയാനുള്ള ആകാംക്ഷയാണ് ഇത്ര ഉന്നതിയിലെത്തിക്കുന്നതിന് നമ്മെ സഹായിച്ചതെന്നു പറയാതിരിക്കാനാവില്ല. നിത്യജീവിതത്തിലെ തന്നെ ഒഴിവാക്കാനാവാത്ത ഒന്നായി ദൃശ്യമാധ്യമലോകം മാറിക്കഴിഞ്ഞു. ഒപ്പം കമ്പ്യൂട്ടര്‍ അറിയാത്തവന് തൊഴിലില്ലാതെ വരുന്ന കാലഘട്ടത്തിലേക്കു ജീവിതം വഴിമാറുകയും ചെയ്തു.ലോകം ഒരു വിരല്‍ത്തുമ്പിലേക്ക് ഒതുങ്ങിയ ഈ സാഹചര്യത്തില്‍ വിവരസാങ്കേതികവിദ്യയും ദൃശ്യമാധ്യമരംഗവും പ്രദാനം ചെയ്യുന്ന ഗുണങ്ങളിലേക്കും ദോഷങ്ങളിലേക്കും ഒന്നു കണ്ണോടിക്കുന്നത് നന്നെന്നു തോന്നുന്നു.
സൃഷ്ടിയുടെ കാലം മുതല്ക്കു തന്നെ എല്ലാറ്റിനും അതിന്റേതായ പോസിറ്റീവ് സൈഡും നെഗറ്റീവ് സൈഡുമുണ്ട്. ശാസ്ത്രപുരോഗതിയിലെ തന്നെ നാഴികക്കല്ല് എന്നു വിശേഷിപ്പിക്കുന്ന പറക്കല്‍ യന്ത്രം (വിമാനം) റൈറ്റ് സഹോദരന്മാര് കണ്ടുപിടിച്ചത് മാനവരാശിയുടെ വളര്‍ച്ചയ്ക്കാവശ്യമായ ഉയരങ്ങള്‍ കീഴടക്കാനായിരുന്നു. എന്നാല്‍ ആ സാങ്കേതിക വിദ്യ ഉപയോഗിച്ച് വാഷിംഗ്ടണിലെ വേള്‍ഡ്ട്രേഡ് സെന്റര്‍ ഉള്‍പ്പെടെയുള്ളവ നശിപ്പിക്കുമ്പോള്‍ മാത്രമാണ് അവയുടെ നെഗറ്റീവ് വശങ്ങളെക്കുറിച്ച് നാം ബോധവാന്മാരാകുന്നത്.
വിവരസാങ്കേതികവിദ്യയുടെ ഫലമായാണ് ഓരോ ക്ലിക്കിലും അറിവിന്റെ ഒരു കലവറ നമ്മുടെ മുന്പില് വിരിയുന്നത്. ആയിരം പുസ്തകങ്ങളിലൂടെ പരതിയാലും ലഭ്യമാകാത്തത്ര വിജ്ഞാനസഞ്ചയം നമ്മുടെ മുമ്പില്‍ വെബ്സൈറ്റുകളില്‍ തെളിയുന്നു. ലോകത്തുള്ള ഏതു വിഷയത്തെക്കുറിച്ചും എവിടെയിരുന്നും സെര്‍ച്ച് ചെയ്യാന്‍ സാധിക്കുന്നുവെന്നത് എത്രയോ അത്ഭുതമാണ്.! ഡാറ്റകള്‍ കൈമാറാനും ആശയവിനിമയം നടത്താനുമുള്ള ഇന്റര്‍നെറ്റിന്റെ സഹായം പറയാതെ വയ്യ.
വായിക്കാന്‍ സമയമില്ലാത്തവന് ഐപോഡിലൂടെയും മറ്റും കഥകളോ കവിതകളോ ഒക്കെ കേള്‍ക്കാന്‍ സാധിക്കുന്നതും ഇത്തിരിക്കുഞ്ഞന് പെന്‍ഡ്രൈവില്‍ വിവരങ്ങള്‍ കൊണ്ടു നടക്കാ

ഇത്രയെല്ലാം പ്ലസ്പോയിന്റുകളുള്ളപ്പോഴും ഇതിന്റെ ദൂഷിതവശങ്ങളും ചില്ലറയല്ല. കമ്പ്യൂട്ടറിന്റെ മുമ്പിലിരുന്ന് ചതുരക്കട്ടകളില്‍ വിരലമര്‍ത്തുമ്പോള്‍ തങ്ങളുടെ മക്കള്‍ ഏറെ പഠിക്കുന്ന ബുദ്ധിമാന്മാരാണെന്നാണ് രക്ഷകര്‍ത്താക്കളുടെ വിശ്വാസം. എന്നാല്‍ എന്തിനെയും ചൂഷണം ചെയ്യാനുള്ള ആധുനിക മനുഷ്യന്റെ കുടിലത അരികില്‍ ലഭിക്കുന്ന വിദ്യയെ അനാവശ്യഉപയോഗത്തിന് വിനിയോഗിക്കാന്‍ പ്രേരിപ്പിക്കുന്നു. രാത്രിയുടെ യാമങ്ങളിലും കമ്പ്യൂട്ടറിന്റെ മുന്പില് തപസിരിക്കുന്ന കുട്ടികള്‍ നേടുന്ന വിദ്യാഭ്യാസം ശരിയോ തെറ്റോ എന്ന് ആരെങ്കിലും അന്വേഷിക്കാറുണ്ടോ? ലോകത്തിന്റെ മറ്റേതോ കോണിലിരിക്കുന്ന ഒരാളുമായി ചാറ്റ് ചെയ്യുകയും അതുവഴി വളരുന്ന സൗഹൃദങ്ങള്‍ ഒളിച്ചോട്ടങ്ങളിലും ആത്മഹത്യയിലും അവസാനിക്കുന്നു. ചിലപ്പോഴൊക്കെ ദുഃഖങ്ങളുടെയും ദുരന്തങ്ങളുടെയും ഒരു ചിലന്തിവല സൃഷ്ടിക്കുകയാണ് ചെയ്യുന്നതെന്നും നമുക്കറിയാം. ഇത്തരമൊരു സാഹചര്യത്തില്‍ നേടിയ പോസിറ്റീവുകള്‍ക്കു മേലെയാണോ അതിന്റെ അനന്തരഫലങ്ങള്‍?
ഇലക്ട്രോണിക് വിപ്ലവത്തിലെ മികച്ച കണ്ടുപിടിത്തമാണ് ടെലിവിഷന്‍. വളരെ കുറഞ്ഞ കാലയളവില്‍ മനുഷ്യനെ ഇത്രയേറെ സ്വാധീനിച്ച മറ്റൊരു മാധ്യമം ഇല്ലെന്നു തന്നെ പറയാം. വീട്ടമ്മമാരുടെയും മറ്റും ഏറ്റവും കൂടുതല്‍ സമയം അപഹരിക്കുന്നതും ഈ മാധ്യമം തന്നെ. അതുകൊണ്ടു തന്നെ ഇതിന്റെ സാമൂഹിക പ്രസക്തി മനസിലാക്കേണ്ടത് അത്യാവശ്യമാണ്.
ലോകത്തിന്റെ ഏതു ഭാഗത്തും നടക്കുന്ന വാര്‍ത്തകളും സംഭവങ്ങളും നമ്മുടെ മുറിയിലിരുന്നു കാണാനാവുന്നു എന്നത് വലിയകാര്യം തന്നെ. കാഴ്ചകള്‍ അനുഭവങ്ങളാക്കി മാറ്റാനും അവയുടെ ആഴവും പരപ്പും മനസിലാക്കാനും പറ്റുന്നു, ദൃശ്യമാധ്യമരംഗങ്ങളിലൂടെ. ...സുനാമിയുണ്ടായപ്പോള്‍ നാമെല്ലാം ശ്വാസമടക്കിപ്പിടിച്ചിരുന്ന് റ്റി.വി കാണുകയായിരുന്നു, പ്രിയപ്പെട്ടവരാരുമുണ്ടാവല്ലേയെന്ന പ്രാര്‍ത്ഥനയോടെ. അല്പം അശ്രദ്ധ പല ജീവനുകളെടുക്കുന്നതും അല്പം പരിശ്രമം ജീവന് രക്ഷിക്കുന്നതുമൊക്കെ നമ്മള് ടെലിവിഷനിലൂടെ ഹൃദയത്തിലേറ്റിയവയാണ്. പണ്ടൊക്കെ വിവരങ്ങള്‍ അറിയണമെങ്കില്‍ ദിവസങ്ങളോളം കാത്തിരിക്കണമായിരുന്നെങ്കില്‍ ഇന്ന് എത്രയോ വേഗമാണ് വിവരങ്ങള്‍ നമ്മുടെയരികിലെത്തുന്നത്. ഇതു മാനവപുരോഗതിയുടെ മികച്ചനേട്ടം തന്നെ.!
പ്രധാന ചാനലുകളെല്ലാം തന്നെ കണ്ണീര്‍പരമ്പരകളുടെയും റിയാലിറ്റിഷോകളുടെയും എണ്ണത്തിലാണ് ഊറ്റം കൊള്ളുന്നത്. പരസ്യങ്ങളുടെ അതിപ്രസരവും അതിലെ അമാനുഷികതയും കുട്ടികളിലും മറ്റും എത്ര വേഗമാണ് സ്വാധീനിക്കുന്നത്. സ്പൈഡര്‍മാനേപ്പോലെയും സൂപ്പര്‍മാനേപ്പോലെയാകാനും ശ്രമിക്കുന്നത് എത്ര അപകടങ്ങളാണ് വരുത്തിവയ്ക്കുന്നത്. ഇഷ്ടനടന്റെ മദ്യപാനവും പുകവലിയും കുട്ടികളും അനുകരിക്കാന്‍ ശ്രമിക്കുന്നത് നമുക്കറിയാം.
എത്രയെല്ലാം ദോഷവശങ്ങളുണ്ടെങ്കിലും ഇതൊന്നും ഒഴിവാക്കി നമുക്ക് ജീവിക്കാന്‍ സാധ്യമല്ല. കാരണം അവ തരുന്ന സാധ്യതകള്‍ അളവറ്റവയാണ് എന്നതുകൊണ്ട് തന്നെ. എല്ലാ നെഗറ്റീവിസവും ഒഴിവാക്കി ഒന്നു നിര്‍മ്മിക്കാന്‍ (എന്തു തന്നെയായാലും) നമുക്കു കഴിഞ്ഞില്ലെന്നു വരാം. എങ്കിലും അതിന്റെ തീവ്രത കുറയ്ക്കാനും നമ്മുടെ പുതുതലമുറയ്ക്കായി അതിന്റെ അനന്ത സാധ്യതകള്‍ ഉപയോഗപ്പെടുത്താനും കഴിയണം. അപ്പോഴാണ് ചാള്‍സ്ബാബേജിന്റെയും ജോണ്‍ ബേയേഡിന്റെയുമൊക്കെ ആത്മാക്കള്‍ക്കു ശാന്തിയുണ്ടാവുക!