Sunday, October 16, 2011

Friday, October 14, 2011

Saturday, May 21, 2011

കാരിക്കോടമ്മ സ്‌പീക്കിംഗ്‌

അവധിക്കാലം ചെലവഴിക്കാനാണ്‌ അമ്മയുടെ നാട്ടിലെത്തിയത്‌. അല്ലെങ്കിലും എല്ലാ അവധിക്കാലവും അമ്മമ്മയ്‌ക്കൊപ്പം തന്നെ.
അമ്മമ്മയുടെ മടിയില്‍ തല വച്ച്‌ ഗ്രാനൈറ്റിട്ട തറയില്‍ വെറുതേ കിടക്കുമ്പോഴാണ്‌ ലാന്‍ഡ്‌ ഫോണ്‍ ബെല്ലടിച്ചത്‌. എഴുന്നേല്‍ക്കാന്‍ മടിച്ചു
`ചെന്നു നോക്കൂ കൂഞ്ഞു'
`ഹലോ'
അങ്ങേത്തലയ്‌ക്കല്‍ ഒരു സ്‌ത്രീശബ്‌ദമാണ്‌.
'ഹലോ ആരാ?'
`ഞാന്‍ കാരിക്കോടമ്മയാണ്‌. നെടിയേറ്റയ്യപ്പന്റെ ഫോണ്‍ നമ്പര്‍ ഒന്നു തരാവോ?'
ഒന്നു ഞെട്ടി. വൈകിട്ട്‌ അമ്മമ്മയുടെ കൂടെ നെടിയേറ്റയ്യപ്പന്റെ അമ്പലത്തില്‍ പോകാമെന്നു പറഞ്ഞിരുന്നതാണ്‌. അതിനിടയിലാണ്‌ നെടിയേറ്റയ്യപ്പന്റെ ഫോണ്‍ നമ്പര്‍ ചോദിച്ച്‌ കാരിക്കോടമ്മയുടെ വിളി.
ആഗോളവത്‌കരണം ദേവലോകത്തുമായോ....
ഒന്നും മിണ്ടാതെ റിസീവര്‍ വച്ചു.
അമ്മമ്മ ഊന്നുവടിയുടെ സഹായത്തോടെ അകത്തേക്കു വന്നു
`ആരാ കുഞ്ഞൂ വിളിച്ചേ?'
`അത്‌ പിന്നെ അമ്മമ്മേ...'
ഫോണ്‍ വീണ്ടും അടിച്ചു. ഞാന്‍ സെറ്റിയിലേക്കു ചാടിക്കയറി.
അമ്മമ്മ ഫോണ്‍ എടുത്തു.
`ഹലോ
`ആ.. ഷീബയാണോ? എന്നാ ഷീബേ വിശേഷം? ആ.. നീയാണോ ആദ്യം വിളിച്ചതും.? ഒന്നു നോക്കട്ടെ.'
രണ്ടു മിനിട്ടിനുള്ളില്‍ അമ്മമ്മ ഫോണ്‍ നമ്പര്‍ പറഞ്ഞു കൊടുത്തു.
ഫോണ്‍ താഴെവച്ച്‌ അമ്മമ്മ തിരിയുമ്പോള്‍ ഞാന്‍ കസേരയിലിരുന്ന്‌ നഖം കടിക്കുകയായിരുന്നു, എന്റെ ആലോചനകള്‍ കാടുകയറുകയും.
എന്റെ ഭാവം കണ്ടിട്ടാവണം ഒന്നും ചോദിക്കുംമുന്‍പേ അമ്മമ്മ പറഞ്ഞു.
`എടി മണ്ടീ, കാരിക്കോടമ്മയും നെടിയേറ്റയ്യപ്പനുമൊക്കെ ഈ പൂമാലയില്‍ കിടന്നോടുന്ന ഓട്ടോറിക്ഷയുടെ പേരാ. അത്‌ ഓടിക്കുന്നവരും ഇപ്പോ ആ പേരിലാ അറിയുന്നേ...'
ഞാന്‍ അന്തം വിട്ടു. കണ്ണുകള്‍ അത്ഭുതം കൊണ്ടു വിടര്‍ന്നു.
ഒന്നും മിണ്ടാതെ മുറ്റത്തേക്കിറങ്ങിയപ്പോള്‍ വീണ്ടും ഫോണ്‍ ശബ്‌ദിച്ചു. ഇനി ആരായിരിക്കും വിളിക്കുന്നതെന്നോര്‍ത്ത്‌ ഞാനൊന്നു ഞെട്ടി. പിന്നെ പൊട്ടിച്ചിരിച്ചു.

Wednesday, January 12, 2011

എഴുത്തുവിളക്കില്‍ ഒരു ദിവസം

കേരള സാഹിത്യ അക്കാദമിയുടെ എഴുത്തുവിളക്ക്‌ സംസ്ഥാന യുവസാഹിത്യ ശില്‍പശാല പറശ്ശിനിക്കടവ്‌ ഐഎസ്‌എം അങ്കണത്തിലാണ്‌ നടന്നത്‌. ഞാനും സിജു രാജാക്കാടുമാണ്‌ ഇടുക്കിയെ പ്രതിനിധീകരിച്ചത്‌. ഡിസംബര്‍ 18, 19, 20 തീയതികളിലായി നടന്ന ശില്‍പശാലയില്‍ 14 ജില്ലകളില്‍ നിന്നുമായി 100 ഓളം അംഗങ്ങള്‍ പങ്കെടുത്തിരുന്നു. 19-ാം തീയതി ഞായറാഴ്‌ചയാണ്‌ സാംസ്‌കാരികപര്യടനം ക്യാമ്പിന്റെ ഭാഗമായി ഉള്‍ക്കൊള്ളിച്ചിരുന്നത്‌.

പറശ്ശിനിക്കടവ്‌ മുത്തപ്പന്റെ ക്ഷേത്രം സന്ദര്‍ശിക്കുക എന്നതും ക്യാമ്പില്‍ പങ്കെടുക്കാന്‍ പോയപ്പോഴേ മനസിലുണ്ടായിരുന്ന ലക്ഷ്യമായിരുന്നു. 7.30 ന്‌ മുന്‍പ്‌ അമ്പലത്തില്‍ പോകാനുള്ളവര്‍ പോയി മടങ്ങിയെത്തണമെന്ന്‌ പറഞ്ഞിരുന്നു. കാരണം 8 മണിക്കാണ്‌ ഞങ്ങളുടെ പര്യടനം ആരംഭിക്കേണ്ടത്‌. രാവിലെ 6.45 ഓടെ ഞാനും രാജിയും കൂടി അന്വലത്തിലേക്കു പോയി. ഇരുവശങ്ങളും കശുമാവും മറ്റും നിറഞ്ഞ വിജനമായ വഴിയിലൂടെ ഞങ്ങള്‍ നടന്നു. പുലരിത്തണുപ്പ്‌ അരിച്ചിറങ്ങുന്നുണ്ടായിരുന്നു. അമ്പലത്തിനുള്ളിലേക്ക്‌ കടക്കുമ്പോള്‍ ഇരുട്ടു പരന്ന പ്രദേശങ്ങളിലേക്ക്‌ പ്രവേശിക്കുന്നതു പോലെയാണ്‌ തോന്നിയത്‌. രാജിക്കൊപ്പം അകത്തേക്കു കയറുമ്പോഴേ തിങ്ങി നിറഞ്ഞ ജനക്കൂട്ടം കാണാമായിരുന്നു. ഒരു നായക്കുട്ടി എന്തിന്റെയോ മണം പിടിച്ച്‌ ചുറ്റും നടന്നു. അവന്‌ പ്രവേശനമുള്ള ഏകക്ഷേത്രം അതാണല്ലോ. ക്ഷേത്രനിയമങ്ങളെല്ലാം തിരുത്തിയെഴുതപ്പെടുന്നതാണ്‌ നമുക്ക്‌ അവിടെ കാണാനാവുന്ന കാഴ്‌ചയും
.


മുത്തപ്പന്റെ രണ്ട്‌ പ്രതിരൂപങ്ങള്‍ വെള്ളാട്ടവും തിരുവപ്പനയും നേരില്‍ കാണാന്‍ പറ്റി. മുത്തപ്പന്റെ ബാല്യരൂപമാണത്രേ വെള്ളാട്ടം. അവിടെ വഴിപാട്‌ നടക്കുകയായിരുന്നു. 13.25 രൂപയാണത്രേ അവിടത്തെ ഏറ്റവും കൂടിയ വഴിപാടിന്‌. സത്യത്തില്‍ അത്‌ എന്നെ ഞെട്ടിച്ചു. പിന്നെ നേരെ മടപ്പുരയിലേക്ക്‌. പ്രസാദം വാങ്ങികഴിക്കാന്‍ നിരവധി ആളുകള്‍ തിങ്ങിക്കൂടിയിരുക്കുന്നു. വന്‍പയര്‍ പുഴുങ്ങിയതും തേങ്ങാപ്പൂളുമാണ്‌ പ്രസാദം. അതും എനിക്ക്‌ അത്ഭുതം തന്നെയായിരുന്നു. ആദ്യം കൈയില്‍ കിട്ടിയപ്പോള്‍ എന്തു ചെയ്യണമെന്നറിയാതെ ഒരു നിമിഷം നിന്നു. രാജിയെ നോക്കിയപ്പോള്‍ ആളൊന്നും മിണ്ടാതെ കഴിക്കുകയാണ്‌. ഞാനും കഴിച്ചു. ക്ഷേത്രത്തിന്‌ പുറത്തേക്കിറങ്ങിയപ്പോള്‍ നീണ്ടുനിവര്‍ന്നൊഴുകുന്ന പറശ്ശിനിപ്പുഴ. സൂര്യന്‍ തന്റെ മാറിലാണിന്നലെ ഒളിച്ചിരുന്നതെന്ന്‌ അല്‍പം അഹങ്കാരത്തോടെ പറശ്ശിനിപ്പുഴ പറഞ്ഞു. പറശ്ശിനിയുടെ മാറില്‍ നിന്നും പ്രകാശവീചികളെ ആകാശത്തിലേക്ക്‌ ചിതറിച്ചുകൊണ്ട്‌ സൂര്യന്‍ ഉയര്‍ന്നു വന്നു. ആളുകള്‍ പുഴയിലിറങ്ങുന്നതും കാല്‍കഴുകി തിരിച്ചു കയറുന്നതും നോക്കി അല്‍പനേരം. പുഴയിലിറങ്ങാന്‍ എന്തോ തോന്നിയില്ല. തിരിച്ചു പോരുമ്പോള്‍ അകത്തേക്കു കയറിയപ്പോഴുണ്ടായിരുന്നതിനേക്കാള്‍ തിരക്ക്‌. വഴിയരികിലിരുന്ന്‌ പിച്ചിപ്പൂ വില്‍ക്കുന്നയാളെ അപ്പോഴാണ്‌ കണ്ടത്‌. ഒരുനിമിഷം തിരിഞ്ഞു നോക്കി. എല്ലാ പെണ്‍കുട്ടികളുടെയും മുടിയില്‍ പിച്ചിപ്പൂവ്‌. ഒരുനിമിഷം പൂ ചൂടണമെന്ന മോഹം എന്നിലും ശക്തമായെങ്കിലും പൈസയൊന്നുമെടുക്കാതെയാണ്‌ പോന്നതെന്ന ഓര്‍മ്മ പൂവ്‌ വേണ്ട എന്ന തീരുമാനത്തിലെത്തിച്ചു. സമയം എനിക്കായി കാത്തുനില്‍ക്കാത്തതിനാല്‍ വേഗം അവിടെനിന്നും മടങ്ങിപോന്നു. മുറിയിലെത്തി; ഐ.ഡി കാര്‍ഡും പേനയും നോട്ട്‌പാഡുമൊക്കെയായി ക്യാമ്പ്‌ ഹാളിലേക്ക്‌. കറാച്ചിപ്പുല്ലുകള്‍ കതിരാട്ടി നില്‍ക്കുന്ന മണ്‍തിട്ടകള്‍ ആകാശത്തെ ആവാഹിച്ചെടുക്കുന്ന വഴിയിലൂടെ നടന്നപ്പോള്‍, ക്യാമ്പ്‌ പറശ്ശിനിക്കടവില്‍ സംഘടിപ്പിച്ചതിന്‌ സാഹിത്യഅക്കാദമിക്ക്‌ മനസില്‍ നന്ദി പറയാതിരിക്കാന്‍ കഴിഞ്ഞില്ല.

ഞങ്ങള്‍ അഞ്ചുപേരായിരുന്നു ഗ്യാംഗ്‌. അളകനന്ദ, പത്മശ്രീ, മിനി ജോണിയെന്ന മിനിചേച്ചി, അനാര്‍ക്കലി. പ്രഭാതഭക്ഷണത്തിനു ശേഷം ഗ്രൂപ്പ്‌ ഫോട്ടോയ്‌ക്കു പോസ്‌ ചെയ്‌തു. 120 ഓളം ആളുകളെ ഒറ്റഫ്രെയിമിലാക്കുക എന്നത്‌ ശ്രമകരമായ കാര്യമായിരുന്നെങ്കിലും കറാച്ചിപ്പുല്ലുകളെ വകഞ്ഞുമാറ്റി ഞങ്ങളൊറ്റക്കെട്ടായി ഒരു ലെന്‍സിനുള്ളിലേക്കാവാഹിക്കപ്പെട്ടു. പിന്നെ തിരക്കോടു തിരക്കായിരുന്നു. കാരണം ഞങ്ങള്‍ക്കു പോകാനുള്ള രണ്ട്‌ വണ്ടികള്‍ ഞങ്ങളെ കാത്തുകിടക്കാന്‍ തുടങ്ങിയിട്ട്‌ നേരം ഒരുപാടായിരുന്നു. ഏറ്റവും പിറകിലെ സീറ്റില്‍ ഞങ്ങളഞ്ചു പേരും സ്ഥാനം പിടിച്ചു. പിന്നെ പാട്ടും കൈയടിയും ബഹളവും. പത്മശ്രീ തുടങ്ങിയ നാടന്‍പാട്ടിന്റെ അരികുപറ്റി ബസിനുള്ളില്‍ ഓളങ്ങളലയടിച്ചു.

ആദ്യം ഫോക്‌ലോര്‍ അക്കാദമിയിലേക്ക്‌..
.
ചിറക്കല്‍ തടാകത്തിന്‌ അഭിമുഖമായാണ്‌ അക്കാദമി സ്ഥിതി ചെയ്യുന്നത്‌. ചിറക്കല്‍ രാജകുടുംബത്തിന്റെ കൊട്ടാരമാണ്‌ അത്‌. ചിറക്കല്‍ തടാകം അറക്കല്‍ കുടുംബവും ചിറക്കല്‍ കുടുംബവും പങ്കിട്ടെടുത്തിരുന്നുവെന്ന്‌ അനിതടീച്ചര്‍ പറഞ്ഞു. ഞാനും അനിതടീച്ചറും സതീശ്‌ കെ ശങ്കരനുമായിരുന്നു അപ്പോള്‍ ഞങ്ങളുടെ ഗ്യാംഗില്‍. 1995 ലാണത്രേ ഫോക്‌ലോര്‍ അക്കാദമി രൂപം കൊണ്ടത്‌. സംസ്‌കാരത്തിന്റെ തന്നെ ഭാഗമായ ഫോക്‌ലോറിന്റെ ശേഷിപ്പുകള്‍ കാണാന്‍ തിടുക്കത്തോടെയാണ്‌ ഞങ്ങള്‍ അകത്തേക്കു കയറിയത്‌.
പറശ്ശിനിക്കടവിലെ വെള്ളാട്ടം, തിരുവപ്പന തുടങ്ങിയ തെയ്യക്കോലങ്ങളെയാണ്‌ ആദ്യം കണ്ടത്‌. അതിനൊപ്പം നിന്ന്‌ ഫോട്ടോയെടുക്കാന്‍ ചിലരൊക്കെ തിടുക്കം കൂട്ടി. എന്റെ ശ്രദ്ധ പതിഞ്ഞത്‌ മുച്ചിലോട്ട്‌ ഭഗവതിയിലാണ്‌. സ്‌ത്രീശക്തിയുടെ ഭഗവത്‌രൂപം. പുരുഷമേധാവിത്വത്തിനെതിരേ ശബ്‌ദിച്ചയാളാണത്രേ മുച്ചിലോട്ട്‌ ഭഗവതി. അതുകൊണ്ടു തന്നെ അവര്‍ നിത്യകന്യകയായി തുടരുന്നു. അന്ധയായ അവരാണ്‌ സ്‌ത്രീശാക്തീകരണത്തിന്റെ കേന്ദ്രബിന്ദുവെന്ന്‌ പറയാം. അല്‍പം ആരാധനയോടെയാണ്‌ അവരെ നോക്കിയത്‌. പിന്നെ ഉയര്‍ന്ന കട്ടിളപ്പടികളില്‍ ചവിട്ടി അകത്തളങ്ങളിലൂടെ മുകളിലേക്ക്‌.. ഇരുമ്പ്‌ അലമാരകളാണ്‌ ആദ്യം കണ്ടത്‌. പിന്നെ ഓലക്കുട,
പാളത്തൊപ്പി, ഉരല്‍, ഉറി, കലപ്പ, അങ്ങനെ പഴമയുടെ തിരുശേഷിപ്പുകള്‍ പ്രദര്‍ശനവസ്‌തുക്കള്‍ മാത്രമായി തീര്‍ന്നിരിക്കുന്നു. പലതും പുതുതലമുറക്ക്‌ കേട്ടുകേള്‍വി മാത്രമുള്ളവ. ഞാനും അനാര്‍ക്കലിയും ചേര്‍ന്ന്‌ ഓലക്കുടയൊക്കെ ചൂടി ഫോട്ടോയ്‌ക്കു പോസ്‌ ചെയ്‌തു. ഫോട്ടോഗ്രഫര്‍ കൂടിയായ ഞങ്ങളുടെ സഹയാത്രികന്‍ ബിനു ചേട്ടന്‍ ഞങ്ങളെ അദ്ദേഹത്തിന്റെ ക്യാമറയില്‍ ഒപ്പിയെടുത്തു. ഇടനാഴിയിലുടനീളം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. 175 ഓളം ഫോട്ടോഗ്രാഫ്‌സാണ്‌ അവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്‌. മുന്നൂറോളം പാരമ്പര്യത്തനിമ നഷ്‌ടപ്പെടാത്ത വസ്തുക്കള്‍ അവിടെയുണ്ട്‌. കാര്‍ഷിക സംസ്‌കാരത്തിന്റെ ഭാഗമായ നാടോടി നാടകം ചിമ്മാനക്കളി മുതല്‍ മുടിയേറ്റ്‌, കുട്ടിത്തെയ്യം, ഗരുഡന്‍ തൂക്കം, അങ്ങനെ നിറം പിടിച്ച ചിത്രങ്ങള്‍ എനിക്ക് ചുറ്റും അണിനിരന്ന്‌ എന്നെ ഒരു നൂറ്റാണ്ടിനപ്പുറത്തേക്ക്‌ കൊണ്ടുപോയി. ഒരു തലമുറ മുന്‍പേ ജനിക്കാത്തതില്‍ വിഷമം തോന്നിയത്‌ അപ്പോഴാണ്‌. കിളിവാതിലിനു സമീപം അടുക്കിയിരുന്ന പറ, നാഴി, ഇടങ്ങഴി, ഉരി തുടങ്ങിയവയെക്കുറിച്ചെല്ലാം പറഞ്ഞു തന്നത്‌ അനിതടീച്ചറാണ്‌.
പണവും പണ്ടവുമെല്ലാം സൂക്ഷിച്ചിരുന്ന ആമാടപ്പെട്ടിയും മുറുക്കാന്‍ ചെല്ലവുമെല്ലാം തുറന്നു നോക്കിയും കണ്ണു നിറയെ അത്ഭുതങ്ങളുടെ കാഴ്‌ചകളെ വീണ്ടും പ്രതീക്ഷിച്ചുമാണ്‌ ഞങ്ങള്‍ പടിയിറങ്ങിയത്‌. പക്ഷേ ഞങ്ങള്‍ക്ക്‌ അവിടെ അനുവദിക്കപ്പെട്ട സമയം കഴിഞ്ഞിരുന്നു. എങ്കിലും പുറത്തിറങ്ങി ചെറുശ്ശേരി സ്‌മാരക മണ്‌ഡപവും കൂടി കണ്ടതിനു ശേഷം മാത്രമേ ഞങ്ങള്‍ അവിടെ നിന്നും മടങ്ങിയുള്ളൂ.

തിരിച്ച് വണ്ടിയില്‍ കയറി പഴയ സീറ്റു പിടിച്ചു. ഗ്രാമഭംഗി അപ്പാടെ നിശബ്‌ദമായി നുകരുകയായിരുന്നു തിരുവനന്തപുരം കാരി അനാര്‍ക്കലി.
പിന്നെ നേരെ പയ്യാമ്പലം ബീച്ചിലേക്ക്‌.
ശാന്തയായ കടല്‍, തിരകളെ തള്ളി കരയിലേക്കു വിടുന്നതും അമ്മയെ വിട്ട് പോകാനിഷ്‌ടമില്ലാത്ത കുഞ്ഞിനെ പോലെ അവ വീണ്ടും തിരികെ പോകുന്നതും ഒരു നിമിഷം വെറുതേ നോക്കി നിന്നു. പിന്നെ ഉപ്പുമാങ്ങയും കാരറ്റും ഐസ്‌ക്രീമുമൊക്കെയായി പൂഴിപ്പരപ്പിലൂടെ നടന്നു. മുടിയിഴകളെ തഴുകി കടന്നുപോയ കാറ്റ്‌ പറഞ്ഞ രഹസ്യം കേള്‍ക്കാനെന്തുകൊണ്ടോ കഴിഞ്ഞില്ല. അനാര്‍ക്കലിയുടെയും സിജുച്ചേട്ടന്റെയും കൂടെയാണ്‌ കടലിലിറങ്ങിയത്‌. ഇറങ്ങാനിഷ്‌ടമില്ലാതെ ബലം പിടിച്ചു നിന്ന സിജുചേട്ടന്റെ കൈപിടിച്ച്‌ വലിച്ച്‌ കടലിലിറക്കിയപ്പോള്‍ കടലിനെ കീഴടക്കിയതിനേക്കാള്‍ സന്തോഷമാണ്‌ തോന്നിയത്‌. തിരസ്‌കാരത്തിന്റെയും ആവാഹനത്തിന്റെയും പ്രതീകമായ കടല്‍, ഒരു ചിപ്പി നിറയെ പ്രണയം എന്റെ കൈകളിലേക്കിട്ടു തന്നു. കൈ നീട്ടിയതു സ്വീകരിക്കും മുന്‍പേ തിരയത്‌ കൊണ്ടുപോയി.
പയ്യാമ്പലം ബീച്ചില്‍ നിന്നു നേരെ പോയത്‌ കോഫീഹൗസിലേക്കാണ്‌ . തലപ്പാവു വെച്ച വെള്ളക്കുപ്പായക്കാര്‍ തലങ്ങും വിലങ്ങും ഓടി നടന്നു. എഴുത്തുകാരന്‍ ബേബി തോമസിന്റെ മുഖച്ഛായയുള്ള ജോബിച്ചേട്ടനും സുഹൃത്തുമാണ്‌ ഞങ്ങള്‍ക്കെതിരേ ഇരുന്നത്‌. കവിതയെക്കുറിച്ച്‌ ചൂടുള്ള ചര്‍ച്ച. ജോബിച്ചേട്ടന്‍ ചൂടുകാപ്പി മൊത്തിക്കൊണ്ട്‌ എന്റെ കൂടെ ചേര്‍ന്നു. മിനിചേച്ചി നര്‍മ്മം സോസാക്കി കട്‌ലറ്റിനു മേല്‍ വിതറി. പത്മശ്രീ ചിരിച്ചുകൊണ്ട്‌ മിനിചേച്ചിയെ സപ്പോര്‍ട്ട്‌ ചെയ്‌തു.
തണലത്തൊതുക്കിയ വണ്ടിയിലാകെ ബഹളമയം.പാട്ടും ബഹളവുമായി പിന്നെ കണ്ണൂര്‍കോട്ടയിലേക്ക്‌.
എ.ഡി 1507 ല്‍ പോര്‍ച്ചുഗീസുകാര്‍ പണി കഴിപ്പിച്ച് സെന്റ്‌ ആഞ്ചലോസ്‌ കോട്ട എന്നു നാമകരണം ചെയ്‌ത കണ്ണൂര്‍ കോട്ട. 1663 ല്‍ പോര്‍ച്ചുഗീസുകാരില്‍ നിന്നു ഡച്ചുകാരും 1772 ല്‍ ഡച്ചുകാരില്‍ നിന്ന്‌ 1 ലക്ഷം രൂപയ്‌ക്ക്‌ അറക്കല്‍ രാജകുടുംബവും ഈ കോട്ട വാങ്ങിയെങ്കിലും 1790 ല്‍ ബ്രിട്ടീഷ്‌കാര്‍ ഈ കോട്ട പിടിച്ചെടുത്തു.
ആന ചവിട്ടിപ്പൊളിക്കാതിരിക്കാന്‍ മുള്ളുകള്‍ പിടിപ്പിച്ച ഭീമന്‍ വാതിലുകള്‍ കടന്ന്‌ കോട്ടയ്‌ക്കുള്ളിലെത്തി. സാഹിത്യകാരനും ഗാര്‍ഡുമായ സത്യന്‍ ഇടക്കാട്‌ ഞങ്ങള്‍ക്കു വേണ്ടി കോട്ടയെക്കുറിച്ച്‌ പറഞ്ഞു തന്നു. ഗുരുകുല വിദ്യാഭ്യാസത്തെ അനുസ്‌മരിപ്പിക്കും വിധം ഒരു മരച്ചുവട്ടില്‍ ഞങ്ങള്‍ വിദ്യാര്‍ത്ഥികളായി. വാസ്‌കോ ഡ ഗാമയും ചരിത്രത്തിന്റെ കാണാപ്പുറങ്ങളും എന്ന അദ്ദേഹത്തിന്റെ പുസ്‌തകം ചരിത്രാന്വേഷികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വളരെ പ്രയോജനപ്രദമാണെന്ന്‌ പറയാതെ വയ്യ. അറബിക്കടലിന്‌ അഭിമുഖമായാണ്‌ കോട്ട പണി കഴിപ്പിച്ചിരിക്കുന്നത്‌. കോട്ടയ്‌ക്കുള്ളിലൂടെ സിജുചേട്ടനും മിനിച്ചേച്ചിയ്‌ക്കുമൊപ്പം വെറുതേ നടന്നു. ലായങ്ങളും ജയിലുമെല്ലാം എനിക്ക് അത്ഭുതകാഴ്‌ചകള്‍ തന്നെയായിരുന്നു ‌. കടലിലൂടെ വരുന്ന ശത്രുക്കളെ തുരത്താന്‍ ഭീമന്‍ പീരങ്കികള്‍ സ്ഥാപിച്ചിട്ടുണ്ടായിരുന്നു. കോട്ടയുടെ കെട്ടുകളില്‍ കയറി നിന്നപ്പോള്‍ തിരമാലകള്‍ പാറക്കെട്ടുകളെ തല്ലിച്ചിരിച്ച്‌ കടന്നു പോകുന്നതും സ്‌ഫടികം കണക്കെ തിരകള്‍ ചിന്നിച്ചിതറുന്നതും കാണാമായിരുന്നു.
ആകാശത്തെ വിഴുങ്ങാനെന്നോണം കടല്‍ച്ചക്രവാളം വായും തുറന്നിരുന്നു. കടല്‍കാക്കകള്‍ വെള്ളത്തിലേക്കൂളിയിട്ടു. തിരിച്ചു പോകാനുള്ള അറിയിപ്പ്‌ വന്നിരിക്കുന്നു. പത്മശ്രീയും അളകനന്ദയും അനാര്‍ക്കലിയുമൊക്കെ പോയിരിക്കുന്നു. ഞാനും മിനിചേച്ചിയും സിജുചേട്ടനും ധൃതിയില്‍ നടന്നു. ഉച്ചകാഴ്‌ചകള്‍ അവസാനിപ്പിച്ചുകൊണ്ട്‌ ഞങ്ങളുടെ വണ്ടി പറശ്ശിനിക്കടവ്‌ ലക്ഷ്യമാക്കി പാഞ്ഞു. അശോകന്‍ ചെരുവിലിന്റെ ശബ്‌ദമാധുര്യത്തിലൂറി വന്ന കവിതക്കു താളം പിടിച്ച്‌ ഞങ്ങളിരുന്നു. പറശ്ശിനിക്കടവ്‌ ഐഎസ്‌എം അങ്കണത്തിന്റെ ഗെയിറ്റ്‌ കടന്നകത്തെത്തിയപ്പോഴേക്കും ആരോ സമ്മാനിച്ച പൂവിന്റെ നീലനിറം വാടിത്തുടങ്ങിയിരുന്നു.

(നന്ദി: ഇതെഴുതാന്‍ എന്നെ നിര്‍ബന്ധിച്ച മനോരാജിന്‌, വിവരങ്ങള്‍ ശേഖരിക്കാന്‍ സഹായിച്ച വിജയന്‍ ബിരിക്കുളത്തിനും അനിത ടീച്ചര്‍ക്കും, ഫോട്ടോകളെടുത്തു തന്ന ശബരിച്ചേട്ടനും ബിനുച്ചേട്ടനും, ചിലവ തന്നു സഹായിച്ച ഗൂഗിളിനും)

Wednesday, September 8, 2010

ആസന്നമായ തെരഞ്ഞെടുപ്പും മഹാബലിയും


`മാവേലി നാടുവാണീടും കാലം
മാനുഷരെല്ലാരുമൊന്നുപോലെ
കള്ളവുമില്ല ചതിയുമില്ല
എള്ളോളമില്ല പൊളിവചനം'
ഇത്‌ മണ്‍മറഞ്ഞ കാലഘട്ടത്തിന്റെ നന്മയുടെ ഓര്‍മ്മപ്പാടുകള്‍. അസുരവംശത്തിലെ ഉജ്ജ്വലനായ ഭരണാധികാരിയുടെ ഭരണകാലത്തിന്റെ നേര്‍ക്കാഴ്‌ച. രാജഭരണകാലത്തിലെ ജനങ്ങളെയും അവരുടെ ജീവിതവും നാടിന്റെ മുഖച്ഛായ തന്നെയും വിളിച്ചോതുന്നു ഈ വരികള്‍.
അധികാരം രാജാവില്‍ കേന്ദ്രീകരിക്കുകയും അത്‌ നിറവേറ്റുന്നതിന്‌ ഇന്നത്തേതുപോലെ തന്നെ നിരവധി സ്ഥാനങ്ങളുണ്ടാവുകയും ഓരോ സ്ഥാനത്തും സുഗമമായി ഭരണനിര്‍വഹണം നടത്തുകയും ചെയ്‌ത കാലം.
എന്നാല്‍, അധികാരം ജനങ്ങളുടെ കൈകളിലേക്ക്‌ എത്തുകയും ജനാധിപത്യം നിലവില്‍ വരികയും ചെയ്‌തു. പക്ഷേ നമ്മുടെ, മലയാളിയുടെ ജീവിതാവസ്ഥ എന്താണ്‌? ആസന്നമായിരിക്കുന്ന പഞ്ചായത്തു തെരഞ്ഞെടുപ്പില്‍ മഹാബലി പ്രസക്തനാകുന്നത്‌ അപ്പോഴാണ്‌.
സ്വന്തം പ്രജകളെ കാണാന്‍ ആവണിയിലെ തിരുവോണനാളിലെത്തുന്ന മഹാബലി തെരഞ്ഞെടുപ്പിന്റെ ചൂടില്‍ ഉരുകിപ്പോകുമോ? കക്ഷിരാഷ്‌ട്രീയത്തിന്റെയും ഭരണകേന്ദ്രങ്ങളിലെ മതങ്ങളുടെ സ്വാധീനവും കണ്ട്‌ അന്ധാളിച്ചു നില്‍ക്കുമോ? സ്വന്തംകസേര ഉറപ്പിക്കാനുള്ള ഓരോ നേതാക്കളുടെയും (ഓരേ കക്ഷിയിലെ തന്നെയും) തിടുക്കവും ആവേശവും കണ്ട്‌ താടിക്ക്‌ കൈയും കൊടുത്ത്‌ സ്‌തബ്‌ധനാകുമോ? കണ്ണിനു കണ്ണും കൈയുമെല്ലാം വെട്ടിയെടുക്കുന്ന ഗുണ്ടായിസം കണ്ട്‌ ഭൂമി നടുവേ പിളര്‍ന്ന്‌ എത്രയും വേഗം പാതാളത്തില്‍ തിരിച്ചെത്തിയാല്‍ മതിയെന്നോര്‍ക്കുമോ?കാര്‍ഷിക സമൃദ്ധിയുടെ നിറവില്‍ കേരളത്തെ കണ്ടു പോയ മഹാബലി, താന്‍ എത്തിയതു വേറെ എവിടെയെങ്കിലുമാണോ എന്നു സംശയിക്കുമോ?
തീര്‍ച്ചയായും നമുക്കൊരു കാര്യം ഉറപ്പിക്കാം. ഇന്ന്‌ കേരളത്തില്‍ മഹാബലിയെന്ന മലയാളത്തിന്റെ പ്രിയപ്പെട്ട ഭരണാധികാരി എത്തിയാല്‍ ഇതൊക്കെത്തന്നെയാവും സംഭവിക്കുക.
കേരളത്തിന്റെ രാഷ്‌ട്രീയം എങ്ങോട്ടാണ്‌ പോകുന്നത്‌ ? മാറിമാറി വരുന്ന സര്‍ക്കാരുകള്‍ എന്തെല്ലാം പേക്കൂത്തുകളാണ്‌ കാട്ടിക്കൂട്ടി മടങ്ങുന്നത്‌. ? പല ചായമടിച്ച പന്തുകളായി ഉരുണ്ടുകളിക്കുകയല്ലേ യഥാര്‍ത്ഥത്തില്‍ എല്ലാ രാഷ്‌ട്രീയക്കാരും ചെയ്യുന്നത്‌ ? ചൂഷണവും അഴിമതിയുമില്ലാത്ത (അല്‍പം കുറയുകയെങ്കിലും) കേരളത്തെ സ്വപ്‌നം കാണാന്‍ മാത്രം വിധിക്കപ്പെട്ടവരാണോ നമ്മള്‍?
മഹാബലിയുടെ കാലത്തും ചൂഷണത്തിനും അഴിമതിക്കുമെല്ലാമുള്ള ശ്രമം നടന്നിരിക്കണം. പക്ഷേ അന്ന്‌ അവയെ നിയന്ത്രിക്കാനുള്ള വ്യക്തമായ ആസൂത്രണവുമുണ്ടായിരുന്നുവെന്നു വേണം കരുതാന്‍. അതുപോലെ തെറ്റുകള്‍ക്ക്‌ (കുറ്റവാളികള്‍ക്ക്‌) മാതൃകാപരമായ ശിക്ഷയും നല്‍കിയിരുന്നു. അതുകൊണ്ടാണ്‌ അക്കാലത്ത്‌ ഭരണം നന്നായി നടന്നത്‌.
അങ്ങനെ വരുമ്പോള്‍ നമ്മുടെ ഭരണഘടന അനുശാസിക്കുന്ന ശിക്ഷകള്‍ മാതൃകാപരമല്ല എന്നു പറയേണ്ടി വരും. അതിനിടയിലുള്ള ലൂപ്‌ഹോളുകള്‍ ചൂഷണം ചെയ്യപ്പെടുകയാണെന്നു വരും. അഴിമതിയും അക്രമവും മറ്റും തടയാനുള്ള സംവിധാനങ്ങളുടെ കുറവും `വേലി തന്നെ വിളവു തിന്നുന്ന' സാഹചര്യവും ഒഴിവാക്കുമ്പോള്‍ ഇന്നത്തെ നമ്മുടെ നാടിന്റെ അവസ്ഥ മെച്ചപ്പെടുമെന്നു തീര്‍ച്ചയാണ്‌. ക്രമസമാധാനനില പരിപാലിക്കാന്‍ നിയോഗിക്കപ്പെട്ടവര്‍ ഒരു സൈഡില്‍ യുണിഫോമിട്ട്‌ സല്യൂട്ട്‌ അടിക്കുകയും മറ്റൊരു സൈഡില്‍ വാടകഗുണ്ടകളെയും മറ്റും നിരത്തി അക്രമം കാണിക്കുന്നതും പതിവു വാര്‍ത്തയാകുന്നു. അക്രമവും പെണ്‍വാണിഭവും കൊലപാതകവുമൊന്നും പുതുമയുള്ള വാര്‍ത്തയല്ലാതായിരിക്കുന്നു.
ഇത്തരം കുറ്റകൃത്യങ്ങള്‍ പോലീസിന്‌ തെളിയിക്കാന്‍ കഴിയാതെ പോകുന്നതും കുറ്റങ്ങള്‍ തെറിയിക്കാനും വിചാരണയ്‌ക്കു ശേഷം ശിക്ഷ വിധിക്കാനുമുള്ള കാലതാമസവും കുറ്റവാളികള്‍ ശിക്ഷിക്കപ്പെടാത്തതുമാണ്‌ കുറ്റകൃത്യങ്ങള്‍ കൂടാനുള്ള കാരണമെന്നതില്‍ സംശയമില്ല. പല കുറ്റവാളികളും രാഷ്‌ട്രീയനേതാക്കള്‍ക്ക്‌/ ഉന്നതാധികാരികള്‍ക്ക്‌ `വേണ്ടപ്പെട്ടവരും' ഉറ്റവരുമാകുമ്പോള്‍ കുറ്റവാളികള്‍ രക്ഷിക്കപ്പെടുന്നു.
ഇതൊക്കെ കാണുമ്പോള്‍, കേരളത്തിന്റെ ഭരണത്തെ നിയന്ത്രിക്കാന്‍ നിയമപാലനം ശരിയായ രീതിയില്‍ നടത്താന്‍ ആരുമില്ല എന്ന തീരുമാനത്തില്‍ തന്നെയാണ്‌ നാമെത്തുന്നത്‌. അങ്ങനെ നോക്കുമ്പോള്‍ മഹാബലിയെന്ന ഭരണാധികാരി എത്ര സമര്‍ത്ഥനും ഭരണചക്രം തിരിക്കാന്‍ നട്ടെല്ലുറപ്പുള്ളവനുമായിരുന്നു എന്നു നാം ചിന്തിക്കണം. കാര്‍ഷിക കേരളം കടത്തില്‍ മുങ്ങിത്താഴുമ്പോള്‍, സാംസ്‌കാരിക പൈതൃകം ക്വട്ടേഷന്‍ സംഘത്തിന്റെ കൈകളിലേക്ക്‌ സമ്മാനിക്കപ്പെടുമ്പോള്‍ നഷ്‌ടപ്പെടുന്ന മലയാളിയുടെ നന്മയെ, സ്‌നേഹത്തിന്റെ പുല്‍മേടുകളെ പച്ചപുതപ്പിക്കാന്‍ ഒരു മഹാബലി ഇനി ഉയിര്‍ക്കുമോ?
സമൂഹത്തിനു നേരെ കണ്ണു തുറന്നിരിക്കാനും അനീതിക്കും അക്രമത്തിനും വിധേയരാകുന്ന പാവം ജനതയുടെ കണ്ണീരുകാണാനും അവര്‍ക്കുവേണ്ടി ശബ്‌ദമുയര്‍ത്താനും കരുത്തുള്ളവരായി മലയാളി മാറേണ്ട സമയം കടന്നിരിക്കുന്നു. അങ്ങനെ മാറാന്‍ തയ്യാറായാല്‍ ഇനിയുള്ള തെരഞ്ഞെടുപ്പുകളില്‍ മഹാബലിയെപ്പോലെ നട്ടെല്ലുറപ്പുള്ള, മുഖം നോക്കാതെ നീതി നടപ്പാക്കുന്ന ഭരണാധികാരിയെ കിട്ടുമെന്ന്‌ നമുക്ക്‌ പ്രതീക്ഷിക്കാം. ദൈവത്തിന്റെ സ്വന്തം നാട്‌ പിശാചുക്കളുടേതാകാതിരിക്കട്ടെ.