Wednesday, September 8, 2010

ആസന്നമായ തെരഞ്ഞെടുപ്പും മഹാബലിയും


`മാവേലി നാടുവാണീടും കാലം
മാനുഷരെല്ലാരുമൊന്നുപോലെ
കള്ളവുമില്ല ചതിയുമില്ല
എള്ളോളമില്ല പൊളിവചനം'
ഇത്‌ മണ്‍മറഞ്ഞ കാലഘട്ടത്തിന്റെ നന്മയുടെ ഓര്‍മ്മപ്പാടുകള്‍. അസുരവംശത്തിലെ ഉജ്ജ്വലനായ ഭരണാധികാരിയുടെ ഭരണകാലത്തിന്റെ നേര്‍ക്കാഴ്‌ച. രാജഭരണകാലത്തിലെ ജനങ്ങളെയും അവരുടെ ജീവിതവും നാടിന്റെ മുഖച്ഛായ തന്നെയും വിളിച്ചോതുന്നു ഈ വരികള്‍.
അധികാരം രാജാവില്‍ കേന്ദ്രീകരിക്കുകയും അത്‌ നിറവേറ്റുന്നതിന്‌ ഇന്നത്തേതുപോലെ തന്നെ നിരവധി സ്ഥാനങ്ങളുണ്ടാവുകയും ഓരോ സ്ഥാനത്തും സുഗമമായി ഭരണനിര്‍വഹണം നടത്തുകയും ചെയ്‌ത കാലം.
എന്നാല്‍, അധികാരം ജനങ്ങളുടെ കൈകളിലേക്ക്‌ എത്തുകയും ജനാധിപത്യം നിലവില്‍ വരികയും ചെയ്‌തു. പക്ഷേ നമ്മുടെ, മലയാളിയുടെ ജീവിതാവസ്ഥ എന്താണ്‌? ആസന്നമായിരിക്കുന്ന പഞ്ചായത്തു തെരഞ്ഞെടുപ്പില്‍ മഹാബലി പ്രസക്തനാകുന്നത്‌ അപ്പോഴാണ്‌.
സ്വന്തം പ്രജകളെ കാണാന്‍ ആവണിയിലെ തിരുവോണനാളിലെത്തുന്ന മഹാബലി തെരഞ്ഞെടുപ്പിന്റെ ചൂടില്‍ ഉരുകിപ്പോകുമോ? കക്ഷിരാഷ്‌ട്രീയത്തിന്റെയും ഭരണകേന്ദ്രങ്ങളിലെ മതങ്ങളുടെ സ്വാധീനവും കണ്ട്‌ അന്ധാളിച്ചു നില്‍ക്കുമോ? സ്വന്തംകസേര ഉറപ്പിക്കാനുള്ള ഓരോ നേതാക്കളുടെയും (ഓരേ കക്ഷിയിലെ തന്നെയും) തിടുക്കവും ആവേശവും കണ്ട്‌ താടിക്ക്‌ കൈയും കൊടുത്ത്‌ സ്‌തബ്‌ധനാകുമോ? കണ്ണിനു കണ്ണും കൈയുമെല്ലാം വെട്ടിയെടുക്കുന്ന ഗുണ്ടായിസം കണ്ട്‌ ഭൂമി നടുവേ പിളര്‍ന്ന്‌ എത്രയും വേഗം പാതാളത്തില്‍ തിരിച്ചെത്തിയാല്‍ മതിയെന്നോര്‍ക്കുമോ?കാര്‍ഷിക സമൃദ്ധിയുടെ നിറവില്‍ കേരളത്തെ കണ്ടു പോയ മഹാബലി, താന്‍ എത്തിയതു വേറെ എവിടെയെങ്കിലുമാണോ എന്നു സംശയിക്കുമോ?
തീര്‍ച്ചയായും നമുക്കൊരു കാര്യം ഉറപ്പിക്കാം. ഇന്ന്‌ കേരളത്തില്‍ മഹാബലിയെന്ന മലയാളത്തിന്റെ പ്രിയപ്പെട്ട ഭരണാധികാരി എത്തിയാല്‍ ഇതൊക്കെത്തന്നെയാവും സംഭവിക്കുക.
കേരളത്തിന്റെ രാഷ്‌ട്രീയം എങ്ങോട്ടാണ്‌ പോകുന്നത്‌ ? മാറിമാറി വരുന്ന സര്‍ക്കാരുകള്‍ എന്തെല്ലാം പേക്കൂത്തുകളാണ്‌ കാട്ടിക്കൂട്ടി മടങ്ങുന്നത്‌. ? പല ചായമടിച്ച പന്തുകളായി ഉരുണ്ടുകളിക്കുകയല്ലേ യഥാര്‍ത്ഥത്തില്‍ എല്ലാ രാഷ്‌ട്രീയക്കാരും ചെയ്യുന്നത്‌ ? ചൂഷണവും അഴിമതിയുമില്ലാത്ത (അല്‍പം കുറയുകയെങ്കിലും) കേരളത്തെ സ്വപ്‌നം കാണാന്‍ മാത്രം വിധിക്കപ്പെട്ടവരാണോ നമ്മള്‍?
മഹാബലിയുടെ കാലത്തും ചൂഷണത്തിനും അഴിമതിക്കുമെല്ലാമുള്ള ശ്രമം നടന്നിരിക്കണം. പക്ഷേ അന്ന്‌ അവയെ നിയന്ത്രിക്കാനുള്ള വ്യക്തമായ ആസൂത്രണവുമുണ്ടായിരുന്നുവെന്നു വേണം കരുതാന്‍. അതുപോലെ തെറ്റുകള്‍ക്ക്‌ (കുറ്റവാളികള്‍ക്ക്‌) മാതൃകാപരമായ ശിക്ഷയും നല്‍കിയിരുന്നു. അതുകൊണ്ടാണ്‌ അക്കാലത്ത്‌ ഭരണം നന്നായി നടന്നത്‌.
അങ്ങനെ വരുമ്പോള്‍ നമ്മുടെ ഭരണഘടന അനുശാസിക്കുന്ന ശിക്ഷകള്‍ മാതൃകാപരമല്ല എന്നു പറയേണ്ടി വരും. അതിനിടയിലുള്ള ലൂപ്‌ഹോളുകള്‍ ചൂഷണം ചെയ്യപ്പെടുകയാണെന്നു വരും. അഴിമതിയും അക്രമവും മറ്റും തടയാനുള്ള സംവിധാനങ്ങളുടെ കുറവും `വേലി തന്നെ വിളവു തിന്നുന്ന' സാഹചര്യവും ഒഴിവാക്കുമ്പോള്‍ ഇന്നത്തെ നമ്മുടെ നാടിന്റെ അവസ്ഥ മെച്ചപ്പെടുമെന്നു തീര്‍ച്ചയാണ്‌. ക്രമസമാധാനനില പരിപാലിക്കാന്‍ നിയോഗിക്കപ്പെട്ടവര്‍ ഒരു സൈഡില്‍ യുണിഫോമിട്ട്‌ സല്യൂട്ട്‌ അടിക്കുകയും മറ്റൊരു സൈഡില്‍ വാടകഗുണ്ടകളെയും മറ്റും നിരത്തി അക്രമം കാണിക്കുന്നതും പതിവു വാര്‍ത്തയാകുന്നു. അക്രമവും പെണ്‍വാണിഭവും കൊലപാതകവുമൊന്നും പുതുമയുള്ള വാര്‍ത്തയല്ലാതായിരിക്കുന്നു.
ഇത്തരം കുറ്റകൃത്യങ്ങള്‍ പോലീസിന്‌ തെളിയിക്കാന്‍ കഴിയാതെ പോകുന്നതും കുറ്റങ്ങള്‍ തെറിയിക്കാനും വിചാരണയ്‌ക്കു ശേഷം ശിക്ഷ വിധിക്കാനുമുള്ള കാലതാമസവും കുറ്റവാളികള്‍ ശിക്ഷിക്കപ്പെടാത്തതുമാണ്‌ കുറ്റകൃത്യങ്ങള്‍ കൂടാനുള്ള കാരണമെന്നതില്‍ സംശയമില്ല. പല കുറ്റവാളികളും രാഷ്‌ട്രീയനേതാക്കള്‍ക്ക്‌/ ഉന്നതാധികാരികള്‍ക്ക്‌ `വേണ്ടപ്പെട്ടവരും' ഉറ്റവരുമാകുമ്പോള്‍ കുറ്റവാളികള്‍ രക്ഷിക്കപ്പെടുന്നു.
ഇതൊക്കെ കാണുമ്പോള്‍, കേരളത്തിന്റെ ഭരണത്തെ നിയന്ത്രിക്കാന്‍ നിയമപാലനം ശരിയായ രീതിയില്‍ നടത്താന്‍ ആരുമില്ല എന്ന തീരുമാനത്തില്‍ തന്നെയാണ്‌ നാമെത്തുന്നത്‌. അങ്ങനെ നോക്കുമ്പോള്‍ മഹാബലിയെന്ന ഭരണാധികാരി എത്ര സമര്‍ത്ഥനും ഭരണചക്രം തിരിക്കാന്‍ നട്ടെല്ലുറപ്പുള്ളവനുമായിരുന്നു എന്നു നാം ചിന്തിക്കണം. കാര്‍ഷിക കേരളം കടത്തില്‍ മുങ്ങിത്താഴുമ്പോള്‍, സാംസ്‌കാരിക പൈതൃകം ക്വട്ടേഷന്‍ സംഘത്തിന്റെ കൈകളിലേക്ക്‌ സമ്മാനിക്കപ്പെടുമ്പോള്‍ നഷ്‌ടപ്പെടുന്ന മലയാളിയുടെ നന്മയെ, സ്‌നേഹത്തിന്റെ പുല്‍മേടുകളെ പച്ചപുതപ്പിക്കാന്‍ ഒരു മഹാബലി ഇനി ഉയിര്‍ക്കുമോ?
സമൂഹത്തിനു നേരെ കണ്ണു തുറന്നിരിക്കാനും അനീതിക്കും അക്രമത്തിനും വിധേയരാകുന്ന പാവം ജനതയുടെ കണ്ണീരുകാണാനും അവര്‍ക്കുവേണ്ടി ശബ്‌ദമുയര്‍ത്താനും കരുത്തുള്ളവരായി മലയാളി മാറേണ്ട സമയം കടന്നിരിക്കുന്നു. അങ്ങനെ മാറാന്‍ തയ്യാറായാല്‍ ഇനിയുള്ള തെരഞ്ഞെടുപ്പുകളില്‍ മഹാബലിയെപ്പോലെ നട്ടെല്ലുറപ്പുള്ള, മുഖം നോക്കാതെ നീതി നടപ്പാക്കുന്ന ഭരണാധികാരിയെ കിട്ടുമെന്ന്‌ നമുക്ക്‌ പ്രതീക്ഷിക്കാം. ദൈവത്തിന്റെ സ്വന്തം നാട്‌ പിശാചുക്കളുടേതാകാതിരിക്കട്ടെ.