Wednesday, March 17, 2010

സാര്‍വദേശീയ വനിതാദിനം - ചില സ്‌ത്രീപക്ഷ ചിന്തകള്‍


‍ഇതാ മറ്റൊരു സാര്‍വദേശീയ വനിതാദിനം കൂടി കഴിഞ്ഞിരിക്കുന്നു. സ്‌ത്രീ സംരക്ഷണത്തിനു വേണ്ടി കൂടുതല്‍ നിയമങ്ങളുണ്ടാക്കുകയും നിരവധി വാഗ്‌ദാനങ്ങള്‍ പ്രഖ്യാപിക്കുകയും ചെയ്യുമ്പോഴും ലോകജനസംഖ്യയില്‍ പകുതിയിലേറെ വരുന്ന സ്‌ത്രീയുടെ ഇന്നത്തെ നിലയെന്താണ്‌.? വിവരസാങ്കേതിക വിദ്യയിലും മറ്റും നിരവധി നേട്ടങ്ങള്‍ കൈവരിക്കുമ്പോഴും അതിന്റെ യഥാര്‍ത്ഥഗുണം സ്‌ത്രീക്കു ലഭിക്കുന്നുണ്ടോ? അതിനേക്കാളേറെ ഇന്നത്തെ സ്‌ത്രീകള്‍ സുരക്ഷിതയാണോ? അവള്‍ക്ക്‌ ജോലിസ്ഥലത്തും സ്വന്തം വീട്ടില്‍ തന്നെയും സുരക്ഷിതമായും സമാധാനമായും ഇരിക്കാന്‍ കഴിയുന്നുണ്ടോ? അവളുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ ഭരണാധികാരികള്‍ക്ക്‌ കഴിയുന്നുണ്ടോ? ഇല്ല എന്നു തന്നെയാണുത്തരം. പണ്ട്‌ സ്‌ത്രീകളുടെ സംരക്ഷണം സമൂഹത്തിന്റെ ധര്‍മ്മമായിരുന്നു. സ്‌ത്രീകളെ ബഹുമാനിക്കാനും അവരുടെ സുരക്ഷിതത്വം ഉറപ്പാക്കാനും അവരര്‍ഹിക്കുന്ന സ്ഥാനം നല്‍കാനും പുരുഷന്‌ കടമയുണ്ടായിരുന്നു. ഇന്നത്തെ അവസ്ഥ നോക്കിയാല്‍ കാണുന്നത്‌ തികച്ചും അരക്ഷിതാവസ്ഥയില്‍ കഴിയുന്ന സ്‌ത്രീകളെയാണ്‌. സ്വകാര്യസ്ഥാപനങ്ങള്‍ സ്‌ത്രീകളെക്കൊണ്ട്‌ കൂടുതല്‍ ജോലി ചെയ്യിക്കുകയും കുറഞ്ഞ വേതനം നല്‍കുകയും ചെയ്യുന്നു. `അവള്‍ക്കതൊക്കെ മതി' എന്ന മട്ടിലാണ്‌ അവരുടെ സമീപനം. തനിക്കു കിട്ടുന്ന വേതനത്തില്‍ സംതൃപ്‌തയല്ലെങ്കില്‍ കൂടി കൂടുതല്‍ വേതനം കിട്ടാനുള്ള സാധ്യതക്കുറവ്‌ കുറഞ്ഞ വേതനത്തില്‍ ജോലി ചെയ്യാന്‍ അവളെ പ്രേരിപ്പിക്കുന്നു. ഇനി വീട്ടിലാണെങ്കിലോ കഷ്‌ടപ്പെട്ടു പണിയെടുത്താലും അതിന്‌ തെല്ലും വില കല്‍പിക്കുന്നുമില്ല. ഇക്കഴിഞ്ഞ ദിവസങ്ങളൊന്നില്‍ പത്രത്തില്‍ വന്ന ഒരു വാര്‍ത്ത കണ്ടാല്‍ ആരും ഞെട്ടിപ്പോകും. കേരളത്തില്‍ ഓരോ 24 മണിക്കൂറിലും എട്ട്‌ സ്‌ത്രീകളെ വീതം കാണാതാകുന്നു. 2005 - 08 കാലഘട്ടത്തില്‍ പതിനായിരത്തിലധികം സത്രീകളെയാണ്‌ കേരളത്തില്‍ നിന്നു കാണാതായത്‌. 1304 സ്‌ത്രീകളെ ഇനിയും കണ്ടുപിടിക്കാനായിട്ടില്ലെന്നുമറിയുമ്പോള്‍ നടക്കും നെഞ്ചിനുള്ളിലൊരു നോവായി മാറുന്നു. 2005 ല്‍ മാത്രം 1270 സ്‌ത്രീകളെയാണ്‌ കാണാതായത്‌. 265 പേരെ ഇനിയും കണ്ടെത്തിയിട്ടില്ല. നമ്മുടെ സ്‌ത്രീകള്‍ എവിടേയ്‌ക്കാണ്‌ ഓടിപ്പോകുന്നത്‌? സ്‌ത്രീകളെ കാണാതാകുന്നതില്‍ മൊബൈല്‍ഫോണ്‍ ദുരുപയോഗം ഒരു കാരണമാണ്‌. കേരളത്തില്‍ വളര്‍ന്നു വരുന്ന സെക്‌സ്‌ റാക്കറ്റ്‌, സെക്‌സ്‌ ടൂറിസം എന്നിവയെല്ലാം സ്‌ത്രീകളുടെ തിരോധാനത്തിനു കാരണമാകുന്നുണ്ട്‌. മാധ്യമങ്ങള്‍ പകര്‍ന്നു നല്‍കുന്ന പരസ്യച്ചുവയുള്ള അബദ്ധധാരണകള്‍ നമ്മുടെ കൗമാരക്കാരായ പെണ്‍കുട്ടികളെ തെറ്റായ വഴികളിലേക്ക്‌ നയിക്കുന്നതിന്‌ വഹിക്കുന്ന പങ്ക്‌ ചെറുതല്ല. തിരക്കു പിടിച്ച ജീവിതത്തില്‍ പെണ്‍കുട്ടികള്‍ അവര്‍ക്കാവശ്യമായ സ്‌നേഹവും കരുതലും കിട്ടാതെയാകുമ്പോള്‍ പുരുഷന്മാര്‍ നല്‍കുന്ന വാഗ്‌ദാനങ്ങളിലും മോഹവലയങ്ങളിലും വീണു പോകുന്നു. ഒരു സുപ്രഭാതത്തില്‍ അവര്‍ക്കൊപ്പം ഇറങ്ങിപ്പോകാനും പെണ്‍കുട്ടികള്‍ തയ്യാറാകുന്നു. മധുവിധുവെന്നും മറ്റും പറഞ്ഞ്‌ അവര്‍ക്കൊപ്പം ഇറങ്ങിപ്പോകുന്ന പെണ്‍കുട്ടികള്‍ പിന്നീട്‌ പല പെണ്‍വാണിഭകേന്ദ്രങ്ങളിലുമാണ്‌ എത്തിച്ചേരുന്നത്‌. 1961 ല്‍ സ്‌ത്രീധനനിരോധന നിയമം പാസാക്കിയെങ്കിലും സമൂഹത്തിലെ മാരകമായ വിപത്തായി അത്‌ ഇന്നും തുടരുന്നു. സ്‌ത്രീധനക്കേസുകളില്‍ 1996 ല്‍ 39 കേസുകള്‍ മാത്രമാണ്‌ വനിതാകമ്മീഷനില്‍ ലഭിച്ചിട്ടുണ്ടായിരുന്നതെങ്കില്‍ 2006 ആയപ്പോഴേക്കും 359 ആയി അത്‌ ഉയര്‍ന്നു. സ്‌ത്രീധനപ്രശ്‌നങ്ങള്‍ മൂലമുണ്ടായ മരണം 1992 ല്‍ 5377 ആയിരുന്നു. അറിയപ്പെടാതെ പോകുന്ന കേസുകള്‍ ഇനിയും എത്രയോ അധികമാണ്‌. 90% മരണങ്ങളും ആത്മഹത്യയോ അപകടമരണങ്ങളോ ആയി തള്ളിക്കളയുന്നു. മാധ്യമങ്ങളിലെ സ്ഥിരം വാര്‍ത്തയായിക്കഴിഞ്ഞിരിക്കുന്നു സ്‌ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍. 1996 ല്‍ സംസ്ഥാന വനിതാ കമ്മീഷന്‍ മുമ്പാകെ ഇടുക്കി ജില്ലയില്‍ മാത്രം 53 പരാതികളാണ്‌ ലഭിച്ചിരുന്നതെങ്കില്‍ 2006 ആയപ്പോള്‍ 268 ആയി അത്‌ ഉയര്‍ന്നു. തലസ്ഥാനനഗരിയിലാകട്ടെ 96 ല്‍ 430 ഉം 2006 ല്‍ 877 ആയിരുന്നു ലഭിച്ചത്‌. ഈ കണക്കുകള്‍ കാണിക്കുന്നത്‌ സ്‌ത്രീകളുടെ അരക്ഷിതാവസ്ഥയുടെ കാഠിന്യമാണ്‌. എല്ലാ പ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാരം സ്‌ത്രീ ശാക്തീകരണം തന്നെയാണ്‌. പുരുഷനോടൊപ്പം തോളോടു തോള്‍ ചേര്‍ന്നു നില്‍ക്കാന്‍ കഴിയുന്നവളാണ്‌ സ്‌ത്രീയും. തുല്യജോലിക്ക്‌ തുല്യവേതനം, സാമൂഹ്യ സുരക്ഷാ നിയമങ്ങള്‍ എന്നിവയെല്ലാം ഭരണഘടനയുടെ അടിസ്ഥാനത്തിലുണ്ടായതാണ്‌. സ്‌ത്രീകളുടെ അവകാശ സംരക്ഷണത്തിനായി പ്രത്യേക നിയമനിര്‍മ്മാണം നടത്താന്‍ ഭരണഘടനയുടെ 15(3) അനുശാസിക്കുന്നു. ക്രിമിനല്‍ നടപടിനിയമത്തിലെ 125-ാം വകുപ്പ്‌, 2005 ലെ ഗാര്‍ഹിക അതിക്രമം തടയല്‍ നിയമം, 1994 ലെ ഗര്‍ഭസ്ഥശിശുവിന്റെ ലിംഗനിര്‍ണയം നിരോധിച്ചുകൊണ്ടുള്ള നിയമം തുടങ്ങി നിരവധി നിയമങ്ങള്‍ സ്‌ത്രീയുടെ സംരക്ഷണത്തിനായുണ്ട്‌. ദേശീയ വനിതാകമ്മീഷന്‍, സംസ്ഥാന വനിതാകമ്മീഷന്‍ തുടങ്ങിയ നിയമസ്ഥാപനങ്ങളും സ്‌ത്രീകളുടെ ആരോഗ്യ ശാരീരിക മാനസിക സുരക്ഷിതത്വത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്നു. അല്‍പം ആശ്വാസം നല്‍കുന്ന കാര്യം 2009 ല്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ സ്‌ത്രീകളുടെ സംവരണം 50% ആയി ഉയര്‍ത്തിയിരിക്കുന്നു എന്നതാണ്‌. ഒപ്പം നീണ്ട 13 വര്‍ഷമായി കാത്തിരുന്ന 33% സ്‌ത്രീ സംവരണബില്‍ രാജ്യസഭയില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞു എന്നതും (ഒരുപാട്‌ പ്രശ്‌നങ്ങള്‍ക്കു നടുവില്‍ നിന്നാണെങ്കിലും). ഇത്‌ ഭരണകാര്യങ്ങളിലെ സ്‌ത്രീകളുടെ പങ്കാളിത്തം ഉറപ്പാക്കാന്‍ വളരെയധികം സഹായകരമാകും. സംസ്ഥാന ബജറ്റില്‍ സ്‌ത്രീകള്‍ക്കായുള്ള പദ്ധതികള്‍ക്ക്‌ 620 കോടിരൂപ മാറ്റി വച്ചിരിക്കുന്നു എന്നതും വളരെ ആശ്വാസവും പ്രതീക്ഷയ്‌ക്കു വകയുള്ളതുമാണ്‌. ഇങ്ങനെയൊക്കെ ആയിരിക്കുമ്പോഴും നിയമങ്ങള്‍ വര്‍ദ്ധിക്കുന്നതനുസരിച്ച്‌ അതിന്റെ പ്രയോജനം അത്രകണ്ട്‌ ഗുണകരമാകുന്നില്ല എന്നതാണ്‌. നിയമങ്ങളെക്കുറിച്ചുള്ള അറിവില്ലായ്‌മയും പരാതിപ്പെടാനുള്ള പേടിയും നാണവുമെല്ലാം ഇത്തരം പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണമാകുന്നുണ്ട്‌. ശരിയായ രീതിയിലുള്ള ബോധവത്‌കരണക്ലാസുകള്‍, സെമിനാറുകള്‍ തുടങ്ങിയവയൊക്കെ അതിനൊരു പരിധിവരെ പരിഹാരമാകും. സ്‌ത്രീകള്‍ക്കെതിരെയുണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരം കാണാന്‍ സ്‌ത്രീകള്‍ മുന്നോട്ടു വരേണ്ടതുണ്ട്‌. അതിനു വേണ്ടിയുള്ള സമരങ്ങളില്‍ ഓരോ സ്‌ത്രീകളും പങ്കാളിത്തമുറപ്പിച്ചേ മതിയാകു. സ്‌ത്രീകള്‍ സ്വയംപര്യാപ്‌തത കൈവരിക്കുന്നതു വഴി അവരുടെ ജീവിതനിലവാരം ഉയര്‍ത്താന്‍ കഴിയുന്നു. ആരോഗ്യവിദ്യാഭ്യാസ മാനസിക നിലവാരം മെച്ചപ്പെടുത്തുന്നത്‌ സമൂഹത്തിന്റെ നിലവാരം ഉയര്‍ത്തുന്നു. അയല്‍ക്കൂട്ടങ്ങളും കുടുംബശ്രീകളും അതിനൊരു മാര്‍ഗ്ഗമാണ്‌. അതുവഴി നിരവധി സ്‌ത്രീകള്‍ കൂട്ടായ്‌മയിലൂടെ ഉല്‍പാദനരംഗത്ത്‌ പ്രവര്‍ത്തിക്കുന്നുമുണ്ട്‌. വെറും അവകാശങ്ങള്‍ നേടിയെടുക്കാന്‍ മാത്രമല്ല മറിച്ച്‌ സമൂഹത്തില്‍ അര്‍ഹവും മാന്യവുമായ സ്ഥാനമാണ്‌ അവള്‍ക്കാവശ്യം. അതിനുവേണ്ടിയാണ്‌ പ്രവര്‍ത്തിക്കേണ്ടതും. സ്‌ത്രീ പുരുഷ ഐക്യമില്ലാതെ സമൂഹത്തിന്‌ ആരോഗ്യപരമായ നിലനില്‍പില്ലെന്നിരിക്കേ പുരുഷനോടൊപ്പം തന്നെ സ്‌ത്രീയും ഉയര്‍ന്നു വരേണ്ടത്‌ അത്യാവശ്യം തന്നെ. സമൂഹമദ്ധ്യത്തില്‍ നിന്നുകൊണ്ട്‌ സാമൂഹ്യപ്രതിബദ്ധതയും ഉയര്‍ന്ന കാഴ്‌ചപ്പാടുമുള്ള പുരുഷന്മാര്‍ക്കൊപ്പം ചേര്‍ന്നു നിന്ന്‌ രാഷ്‌ട്രത്തിന്റെ സമഗ്രവികസനത്തില്‍ ഭാഗഭാക്കാകാന്‍ സ്‌ത്രീകള്‍ക്കു കഴിയണം. അടുക്കളയുടെ അകത്തളങ്ങളില്‍ ഒതുങ്ങിക്കൂടുകയല്ല, മറിച്ച്‌ സമൂഹത്തിന്റെ മുന്‍നിരയിലേക്കുയര്‍ന്നു വരാന്‍ സ്‌ത്രീകള്‍ക്കു കഴിയണം. അത്തരത്തില്‍ ഒരു നവോത്ഥാനമുണ്ടാകുമെന്ന്‌ നമുക്ക്‌ പ്രത്യാശിക്കാം.